"കുറെ കാലത്തിനുശേഷം ആദ്യമായിട്ടാണ് അവൾ തറവാടിന്റെ ഉമ്മറക്കോലായില്ലേക്ക് കേറുന്നത് . അവസാനമായി അവൾ അവിടെ കയറിയിറങ്ങിയത് തീർത്തും മരവിപ്പോടുകൂടെയാണ്.ഇന്ന് കൂടിയിട്ടുള്ളവർ തന്നെയാണ് അന്നും ഉണ്ടായിരുന്നത് . എങ്കിലും ആ നിമിഷം ഇന്നും അവൾക്കൊരു മരവിപ്പാണ്. അതിനിടക്ക് പല തവണ ഉമ്മറമുറ്റത്തൂടെ നടന്നുപോയിട്ടുണ്ട് , ഓരോ തവണയും ആ വഴിയിലൂടെ കടന്നുപോകുമ്പോളും എന്തെന്നില്ലാത്ത ഭാരമായിരുന്നു . ഇടക്കെന്നോ അവിടെ മറന്നു വച്ച് പോയ ബാല്യകാലത്തിന്റെ ഓർമകളുടെ നനവിന്റെ ഭാരം. വർഷങ്ങൾ കുറെ കഴിഞ്ഞു വീണ്ടും ആ വഴി നടക്കുമ്പോൾ വഴികളെല്ലാം ഇടുങ്ങിയ പോലെ ഉമ്മറത്തിണ്ണകള് ചെറുതായപോലെ. ചെമ്പകമരത്തിന് ഉയരം കുറഞ്ഞപോലെ. കിണറിനു ആഴം കുറഞ്ഞപോലെ.ഒരുപക്ഷേ അവൾ വളർന്നത് കൊണ്ടാവാം. ആ വളർച്ചയ്ക്കിടെയാണ് അവളും ഇവിടവും അകന്നത് .
ഇന്നവിടെ എന്തോ പൂജ നടക്കാണ് . കുറെ പേർ എത്തിയിട്ടുണ്ട്.പൂജകഴിഞ് പ്രഭാതഭക്ഷണത്തിനുശേഷം കുറെപ്പേരൊക്കെ തിരിച്ചു പോയി. ബാക്കി അവിടെയുണ്ടായിരുന്നവർ തറവാട്ടിലെ പഴയകാലങ്ങൾ അയവിറക്കയാണ് . പണ്ടത്തെ നടുമുറ്റം, തൊഴുത്ത്, മണിക്കൂറുകളോളം വേവുന്ന അരി അങ്ങനെ അവളറിയാത്ത എന്തിനെയൊക്കെയൊപ്പറ്റി അവർ വാചാലരായി . അവൾ മെല്ലെ അകത്തേക്കുകയറി . പണ്ട് വെള്ളിയാഴ്ചകളിൽ ചിത്രഗീതം കണ്ടുരസിച്ച ഇടവഴി,ഉച്ചക്ക് സീരിയൽ കാണാൻ അടുത്തുള്ളവരൊക്കെ വന്നിരുന്നു. അങ്ങാടിപാട്ട് , അകലെ, അങ്ങനെ അച്ഛമ്മയും കൂട്ടരും കണ്ടു തീർത്ത കുഞ്ഞു സീരിയലുകൾ. പിന്നെ മെട്രോ ചാനൽ ,ദൂരദർശൻ.... രാത്രി എട്ടുമണിക്ക് ദൂരദർശൻ ഡിഡിനാഷണൽ ആയി മാറുമ്പോൾ വല്ലാത്ത ഹൃദയവേദനായിരുന്നു, അവളറിഞ്ഞ ആദ്യത്തെ വേർപാടിന്റെ വേദന. പണ്ട് ലാൻഡ് ഫോണുണ്ടായിരുന്ന, നാട്ടിലെ ചുരുക്കം ചിലവീടുകളിൽ ഒന്ന് അവളുടെ തറവാടായിരുന്നു. കുട്ടികളെ പേടിച്ചിട്ടാവും, അതു ഉയരത്തിലാണ് വച്ചിരുന്നത്.എങ്കിലും ആരു വിളിച്ചാലും അവളതു ജനലിൽ കയറി എത്തിപിടിച്ചെടുക്കാറുണ്ട്. അച്ഛമ്മക്ക് ഉപയോഗിക്കാൻ പക്ഷെ കോഡ്ലെസ് ഫോണുണ്ട് . അതുവച്ചിരുന്നത് അച്ഛമ്മയുടെ തണുത്തമുറിയിലും- അവളുടെ ഹലോ റൂം.പണ്ടത്തെ അവളുടെ പ്രധാന ഹോബി പത്രത്തിലെ 'വെഡിങ് ടുഡേ ' നോക്കലായിരുന്നു. എന്നിട്ടു അതിൽ കാണുന്ന നമ്പറിൽ അതേ ദിവസം രാവിലെ വിളിക്കും. കല്ല്യാണവീട്ടിലെ തിരക്കൊക്കെയൊന്ന് ചോദിച്ചറിയാൻ എന്ന മട്ടിൽ.പക്ഷെ ആരുടെയൊക്കെയോ ഭാഗ്യത്തിന് ആരും കാൾ എടുക്കാറില്ല . എടുത്തിട്ടുണ്ടായിരുന്നെങ്കിൽ അവൾക്ക് എല്ലാമറിഞ്ഞുകൊണ്ടു 'തൃപ്തി' പ്പെടാമായിരുന്നു .
ഒരു ഉച്ചക്ക് ആ മുറിയിൽ ഉച്ചമയങ്ങുമ്പോളാണ് കൽപന ചൗളയുടെ മരണവാർത്ത റേഡിയോയിലൂടെ അറിഞ്ഞത്. അപ്പോൾ അച്ഛമ്മ പറഞ്ഞു "പാവം കുട്ടി ". പേപ്പറിൽ വായിച്ചറിഞ്ഞ പരിചയമായിരുന്നു അവർ തമ്മിൽ. ഹലോ റൂമിൽ ആയിരുന്നു അച്ഛമ്മടെ പെട്ടി. കുറെ സെറ്റുമുണ്ടുകൾ അടുക്കിവെച്ച ഒരുഗ്രൻ പെട്ടി. ഇന്നത്തെ പാറ്റ ഗുളികയ്ക്ക് അച്ഛമ്മടെ പെട്ടീടെ മണമാണത്രെ. പിന്നെ അച്ഛന്റെ സൗദിയിലുള്ള അനിയൻ ഈ -മാമ എത്തുമ്പോൾ പെട്ടിതുറക്കുന്നതും ഈ മുറിയിൽ വച്ചാണ്.അതുകൊണ്ടുതന്നെ ആ മുറിയോടുള്ള അവളുടെ അടുപ്പം കൂടുതലായിരുന്നു.പിന്നെയുള്ളത് വടക്കേഅറയും തെക്കേഅറയും. പിന്നെയങ് ഇറങ്ങിക്കഴിഞ്ഞാൽ ഉണ്ണിയേട്ടന്റെ ട്യൂഷൻക്ലാസ്സിലെ ബെഞ്ചും ഡെസ്കുമിട്ട ഡൈനിങ്ങ് ഹാൾ. പിന്നെ പുറത്ത് പ്രകൃതിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന വടുകൊറവും.
പറഞ്ഞു വന്നപ്പോൾ ഏറെ ചെറുതായി പറഞ്ഞു വിട്ട ഒരാളുണ്ട്- 'ഈ-മാമ' അഥവാ 'ഈ'. ബാല്യത്തിലെ ഏറ്റവും നിറമുള്ള ഓര്മ. അച്ഛമ്മയുടെ ഏറ്റവും ചെറിയ മകൻ. കാത്തിരിപ്പെന്താണെന്ന് ആദ്യമായി പഠിച്ചത് അങ്ങനായിരുന്നു. സൗദിയിലുളള മാമ നാട്ടിലേക്ക് വരുന്നതും കാത്തു ഏറെ ആകാംഷയോടെ ദിവസമെണ്ണി കാത്തിരുന്നനാളുകൾ. ഓണത്തിന് ഈ-മാമനാട്ടിലെത്തുന്ന ദിവസം സ്പെഷ്യൽ പൂക്കളം വരെ അവൾ ഒരുക്കാറുണ്ട്.കാരണം ഊഹിക്കാവുന്നതാണ് .പുതിയ ഉടുപ്പ് ,മിട്ടായികൾ, പെൻ ,പെൻസിൽ , ക്രയോൺസ്, മാല അങ്ങനെ ഒട്ടേറെ സാമഗ്രികൾ . പിന്നെ ആരൊക്കെ തന്നെ വഴക്കുപറഞ്ഞാലും ഈമാമ തന്നെ വഴക്കുപറയില്ല എന്ന് അവൾക് വിശ്വാസം ആയിരുന്നു. മാമ വീട്ടിലുള്ള ദിവസങ്ങൾ തികച്ചും സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ.ഗൾഫ്കാരനെ കാണാൻ നാട്ടുകാരൊക്കെ വീട്ടിലെത്തും. എന്നും തിരക്കായിരുന്നു.മാമ വരുന്നവർക്കെന്തെങ്കിലും കൊടുക്കുകയും ചെയ്യും. എല്ലാരുടെയും പ്രിയപ്പെട്ടവൻ. മാമയുടെ തിരിച്ചുപോക്ക് തികച്ചും വേദനയാണ്. ഇനി അടുത്ത സന്തോഷക്കാലം വീണ്ടും എത്തിച്ചേരാം എന്ന് പറഞ്ഞു വീണ്ടും വിട. പിന്നീടൊരിക്കൽ വിട ഇല്ലാത്ത ഒരു തിരിച്ചു വരവ് വന്നു. അതോടെ രോഗബാധിതനായ ഗൾഫുകാരനെ കാണാൻ വീട്ടിൽ ആരും വരാതായി.നിസ്സഹായത മാത്രം സഹായിക്കാനുണ്ടായി. പണത്തിനും പ്രതാപത്തിനും ഇത്രയ്ക്കു വിലയാണെന്നും , അതുള്ളടത്തോളം കാലം നമ്മടെ കൂടെ എല്ലാവരും ഉണ്ടാവുമെന്നും ഇല്ലെങ്കിൽ നാമൊറ്റയ്ക്കാവുമെന്നും അവൾ അങ്ങനെ പഠിച്ചു... അല്ലെങ്കിലും ദൈവം തനിക്കു പ്രിയപ്പെട്ട ചിലതെല്ലാം വേഗം കൈക്കലാക്കും....
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. ഇനിയധികമൊന്നുമില്ല അവിടുത്തെ അദ്ധ്യായം. ആ തറവാട്ടിനുള്ളിലെ ഒമ്പതു വർഷത്തെ ജീവിതം.ബാല്യത്തെ അവിടെതന്നെ കുഴിച്ചുമൂടി അവിടുന്ന് അകന്നു. എങ്കിലും പറഞ്ഞു വന്നപ്പോൾ വിട്ടുപോയ കുറച്ചുപേർ ഇനിയുമുണ്ട്. വീട്ടിലേക്കു തിരിച്ചു പോവാറായി അവൾക്. ഇനിയൊരു ആത്മകഥ ആയാലൊ. ആലോചിക്കണം.. അവ്യക്തതെയുടെ മറ നീക്കി വീണ്ടും എഴുതണം... അവൾ നടന്ന് നീങ്ങി."
Myaarakam
ReplyDeleteSuper 😘😘😘
ReplyDeleteNice one.... ..Is it ur real experience... 🤔🙂
ReplyDeleteU should write more like these... seriously...It is really nice.
ReplyDelete